ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പന്തുകൊണ്ട് വിസ്മയം തീർത്ത് ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ. രണ്ടാം ഇന്നിങ്സിൽ 51 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം ദക്ഷിണാഫ്രിക്കയുടെ ഒമ്പത് വിക്കറ്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ ടെസ്റ്റ് കരിയറിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും ഹാർമർ സ്വന്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്സുകളിൽ 50 വിക്കറ്റുകൾ എന്ന നാഴികക്കല്ലും താരം പിന്നിട്ടു.
രണ്ടാം ഇന്നിങ്സിലെ ബൗളിങ് പ്രകടനത്തോടെ 130 വർഷത്തിലേറെ പഴക്കമുള്ള റെക്കോർഡാണ് ഹാർമർ തിരുത്തിയത്. കുറഞ്ഞത് 50 വിക്കറ്റുകൾ നേടിയ ബൗളർമാരിൽ ടെസ്റ്റ് മത്സരങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ഏറ്റവും മികച്ച ശരാശരിയെന്ന നേട്ടം ഇനി ഹാർമറിന് സ്വന്തം. ഇതുവരെ 14 ഇന്നിങ്സുകളിൽ നിന്ന് 14.09 ശരാശരിയിൽ 53 വിക്കറ്റുകളാണ് താരം നേടിയത്. 1884 മുതൽ 1896 വരെ ഇംഗ്ലണ്ടിനായി കളിച്ച ബോബി പീലിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 14.25 ആയിരുന്നു അദ്ദേഹത്തിന്റെ ബൗളിങ് ശരാശരി.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 400 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക മറുപടിയായി 557 റൺസടിച്ചു. ഇതോടെ 157 റൺസിന്റെ നിർണായക ലീഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സിൽ സൈമൺ ഹാർമറുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര തകർന്നടിഞ്ഞു. വെറും 168 റൺസിന് ടീം പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 12 റൺസായി ചുരുങ്ങി. ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. റെക്കോർഡ് നേട്ടത്തിനൊപ്പം ടീമിന്റെ വിജയത്തിലും നിർണായക സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹാർമർ.
