ഖത്തറിൽ വീണ്ടും ലോകകപ്പ് ആവേശം; ഫിഫ അണ്ടർ-17 ലോകകപ്പിന് ഇന്ന് തുടക്കം

ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലേക്ക് വീണ്ടും ഖത്തർ. ഫിഫ അണ്ടർ-17 ലോകകപ്പിന് ഇന്ന് ദോഹയിൽ പന്തുരുളും. 25 ദിവസം നീണ്ടുനിൽക്കുന്ന കൗമാര ഫുട്ബോൾ മാമാങ്കത്തിൽ 45 ടീമുകൾ മാറ്റുരയ്ക്കും. ആകെ 104 മത്സരങ്ങൾ എട്ട് വേദികളിലായാണ് നടക്കുക. ടൂർണമെന്റിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതോടെ മത്സരങ്ങൾക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.

ഇന്ന് വൈകിട്ട് 6.30നാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ ഖത്തർ പാനമയെ നേരിടും. മത്സരങ്ങൾ നടക്കുന്ന ആസ്പയർ സോണിലെ വിവിധ മൈതാനങ്ങളിലായി ആദ്യദിനം എട്ട് പോരാട്ടങ്ങൾ അരങ്ങേറും.

ലോകകപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. ഭിന്നശേഷിക്കാരായ ആരാധകർക്ക് സൗകര്യപ്രദമായി മത്സരം ആസ്വദിക്കുന്നതിനായി വീൽചെയർ സൗകര്യമുള്ള ഇരിപ്പിടങ്ങളും ഫാൻ സോണിൽ മൊബൈൽ സെൻസറി റൂമും സജ്ജീകരിച്ചിട്ടുണ്ട്.

ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ കഴിയുന്ന രീതിയിലാണ് ടിക്കറ്റ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഒന്നിലധികം മത്സരങ്ങൾ കാണുന്നതിനൊപ്പം ഫാൻ സോണിൽ പ്രവേശിക്കാനും കഴിയുന്ന ഡേ പാസിന് 20 ഖത്തറി റിയാലാണ് നിരക്ക്. ആരാധകർക്കായി വിവിധ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഫാൻ സോണും ഒരുക്കിയിട്ടുണ്ട്.

ഡിസംബർ 13ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫിഫ അണ്ടർ-17 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top