അണ്ടർ 23 വനിതാ ടി20 ചാമ്പ്യൻഷിപ്പ്; ബിഹാറിനെ ആറ് വിക്കറ്റിന് തകർത്ത് കേരളത്തിന് വിജയത്തുടക്കം

അണ്ടർ 23 വനിതാ ടി20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം വിജയത്തോടെ പോരാട്ടം ആരംഭിച്ചു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബിഹാറിനെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 18.4 ഓവറിൽ 65 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 10.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാറിന് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. വെറും ആറ് റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ ടീം വലിയ തകർച്ചയിലേക്ക് നീങ്ങി. യഷിത സിങ്ങിന്റെ 28 റൺസാണ് ബിഹാറിന്റെ സ്കോർ 65ൽ എത്തിക്കാൻ സഹായിച്ചത്. തേജസ്വസി കുമാർ 15 റൺസെടുത്തപ്പോൾ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

കേരളത്തിനായി നിയതി ആർ. മഹേഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സി.വി. അനുഷ്ക രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് ഓവറിൽ വെറും രണ്ട് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ നിയ നസ്നീന്റെ ബൗളിങ് പ്രകടനവും ശ്രദ്ധേയമായി.

66 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 57 പന്തുകൾ ശേഷിക്കെ തന്നെ വിജയം ഉറപ്പിച്ചു. അമീറ ബീഗവും വി.ജെ. ജോഷിതയും 19 റൺസ് വീതം നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അന്യ പ്രദീപ് 14 റൺസും നേടി കേരളത്തിന്റെ വിജയത്തിന് കരുത്തേകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top