ബൂട്ടഴിച്ച് ജുവാൻ മാറ്റ; 23 വർഷത്തെ ഫുട്ബോൾ കരിയറിന് വിരാമം

ഫുട്ബോൾ മൈതാനങ്ങളിലെ 23 വർഷം നീണ്ട യാത്ര അവസാനിപ്പിച്ച് സ്പാനിഷ് താരം ജുവാൻ മാറ്റ വിരമിക്കൽ പ്രഖ്യാപിച്ചു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ച 38കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറി വിട്ടതിനു ശേഷം പുതിയ ടീമിൽ ചേർന്നിരുന്നില്ല. ബൂട്ടുകൾ അഴിച്ച് ഹാംഗറിൽ തൂക്കിവെക്കുന്ന വിഡിയോയ്ക്കൊപ്പം ‘ചിലപ്പോഴൊക്കെ സ്നേഹിക്കുക എന്നതിന്റെ അർഥം വിട്ടുകൊടുക്കുക എന്നതാണ്. നന്ദി ഫുട്ബോൾ’ എന്ന ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവെച്ചു.

ഫുട്ബോളുമായുള്ള തന്റെ ബന്ധം ഒരിക്കലും അവസാനിക്കില്ലെന്ന് വിരമിക്കൽ സന്ദേശത്തിൽ മാറ്റ വ്യക്തമാക്കി. പ്രൊഫഷണൽ താരമെന്ന നിലയിലുള്ള യാത്ര അവസാനിപ്പിക്കുകയാണെങ്കിലും കായികരംഗത്തുനിന്ന് പൂർണമായി മാറിനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കളിക്കളത്തിൽ തുടരാൻ ഇത്രയും കാലം പ്രചോദനമായത് ഫുട്ബോളിനോടുള്ള അളവറ്റ സന്തോഷവും സ്നേഹവുമാണെന്നും താരം കൂട്ടിച്ചേർത്തു. പന്ത് തട്ടുന്ന കളി എന്നതിലുപരി മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഫുട്ബോളിന് കഴിയുമെന്ന് തിരിച്ചറിഞ്ഞതാണ് തന്റെ യാത്രയിലെ ഏറ്റവും വലിയ പാഠമെന്നും മാറ്റ കുറിച്ചു.

വലൻസിയയിലൂടെ ശ്രദ്ധേയനായ ജുവാൻ മാറ്റ 2011ലാണ് ചെൽസിയിലെത്തിയത്. 2012ൽ ലണ്ടൻ ക്ലബ്ബിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ അദ്ദേഹം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജഴ്സിയിലും തിളങ്ങി. കരിയറിൽ രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ലീഗ് കപ്പ് എന്നിവയും നേടി. ഗലാറ്റസറൈ, വിസൽ കോബെ, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, മെൽബൺ വിക്ടറി എന്നിവയാണ് മാറ്റ കളിച്ച മറ്റ് പ്രധാന ക്ലബ്ബുകൾ.

സ്പാനിഷ് ദേശീയ ടീമിനൊപ്പവും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് മാറ്റ. രാജ്യത്തിനായി 41 മത്സരങ്ങളിൽ കളിച്ച അദ്ദേഹം പത്ത് ഗോളുകൾ നേടി. 2010ലെ ഫിഫ ലോകകപ്പും 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ സ്പെയിൻ ടീമുകളിൽ അംഗമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 278 മത്സരങ്ങൾ കളിച്ച മാറ്റ 52 ഗോളുകളും 56 അസിസ്റ്റുകളും സ്വന്തമാക്കി.

കളിക്കളത്തിലെ പ്രകടനങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകിയ താരമാണ് ജുവാൻ മാറ്റ. ഫുട്ബോൾ താരങ്ങളുടെ സാമൂഹിക ഇടപെടലുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ‘കോമൺ ഗോൾ’ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും വിവിധ കായിക സംരംഭങ്ങളിലൂടെ ഫുട്ബോളുമായി ചേർന്നുനിൽക്കാനാണ് മാറ്റയുടെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top